വാലുകളും നാവുകളും ആട്ടുന്നു
ഗവർണറുടെ ഭാര്യയുടെ പൂച്ചയുടെ ജീവൻ പെപ്പ് അപഹരിച്ചതായി പത്രം പ്രഖ്യാപിച്ചു - പക്ഷേ അവൻ അത് ചെയ്തിരുന്നില്ല. ഗവർണറുടെ കൊട്ടാരത്തിലെ സോഫ കടിച്ചുകീറിയതു മാത്രമായിരിക്കാം അവൻ ചെയ്തത്.
1920-കളിൽ പെൻസിൽവാനിയയുടെ ഗവർണറായിരുന്ന ഗിഫോർഡ് പിഞ്ചോട്ടിന്റെ ഉടമസ്ഥതയിലുള്ള കൊച്ചു ലാബ്രഡോർ റിട്രീവർ ആയിരുന്നു പെപ്പ്. നായയെ ഈസ്റ്റേൺ സ്റ്റേറ്റ് ദുർഗുണ പരിഹാര ജയിലിലേക്ക് അയച്ചിരുന്നു, അവിടെ തടവുകാരന്റെ തിരിച്ചറിയൽ നമ്പർ ധരിപ്പിച്ച് അവന്റെ ഫോട്ടോ എടുത്തു. ഒരു പത്ര ലേഖകൻ അത് കേട്ടപ്പോൾ പൂച്ചയെ കൊന്ന കഥ ഉണ്ടാക്കി. അയാളുടെ റിപ്പോർട്ട് പത്രത്തിൽ വന്നതിനാൽ, പെപ്പ് ശരിക്കും ഒരു പൂച്ചക്കൊലയാളിയാണെന്ന് പലരും വിശ്വസിച്ചു.
യിസ്രായേലിലെ ശലോമോൻ രാജാവിന് തെറ്റായ വിവരങ്ങളുടെ ശക്തി നന്നായി അറിയാമായിരുന്നു. അദ്ദേഹം എഴുതി, ''ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു'' (സദൃശവാക്യങ്ങൾ 18:8). ചിലപ്പോൾ നമ്മുടെ വീണുപോയ മനുഷ്യ സ്വഭാവം മറ്റുള്ളവരെക്കുറിച്ചുള്ള സത്യമല്ലാത്ത കാര്യങ്ങൾ വിശ്വസിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.
എന്നിട്ടും, മറ്റുള്ളവർ നമ്മെക്കുറിച്ചുള്ള അസത്യങ്ങൾ വിശ്വസിക്കുമ്പോഴും, ദൈവത്തിന് നമ്മെ നന്മയ്ക്കായി ഉപയോഗിക്കാൻ കഴിയും. വാസ്തവത്തിൽ, ഗവർണർ പെപ്പിനെ ജയിലിലേക്ക് അയച്ചത് അവിടെയുള്ള അന്തേവാസികൾക്ക് ഒരു സുഹൃത്തായിരിക്കാൻ വേണ്ടിയായിരുന്നു. കൂടാതെ അവൻ ഒരു പയനിയർ തെറാപ്പി നായയായി വർഷങ്ങളോളം സേവനം ചെയ്തു.
മറ്റുള്ളവർ എന്ത് പറഞ്ഞാലും വിചാരിച്ചാലും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. മറ്റുള്ളവർ നമ്മളെക്കുറിച്ച് ഏഷണി പറയുമ്പോൾ, അവന്റെ അഭിപ്രായവും നമ്മോടുള്ള സ്നേഹവുമാണ് ഏറ്റവും പ്രധാനമെന്ന് ഓർക്കുക.
സ്തുതിക്കുവാൻ ഓർക്കുക
ഞങ്ങളുടെ സഭ ഞങ്ങളുടെ ആദ്യത്തെ കെട്ടിടം നിർമ്മിച്ചപ്പോൾ, കെട്ടിടത്തിന്റെ ഉൾവശം പൂർത്തിയാകുന്നതിന് മുമ്പ് ആളുകൾ മതിൽ തൂണുകളിലും (കെട്ടിടത്തിന്റെ ചോട്ടക്കൂടിനെ താങ്ങുന്ന ഭിത്തിക്കു പിന്നിലെ ലംബമായ ബീമുകൾ) കോൺക്രീറ്റ് തറകളിലും നന്ദിയുടെ ഓർമ്മപ്പെടുത്തലുകൾ എഴുതിവെച്ചു. തൂണികളിൽ നിന്ന് ഭിത്തി നീക്കിയാൽ നിങ്ങൾക്കവ അവിടെ കാണാൻ കഴിയും. ''അങ്ങു വളരെ നല്ലവനാണ്!'' എന്നതുപോലുള്ള സ്തുതിവചനങ്ങളും പ്രാർത്ഥനകളും തിരുവെഴുത്തിൽ നിന്നുള്ള വാക്യങ്ങളും അവരെഴുതി. ഞങ്ങൾ നേരിട്ട വെല്ലുവിളികൾക്കപ്പുറമായി ദൈവം ദയയും കരുതലും കാണിച്ചിരുന്നു എന്നതിന് വരും തലമുറകൾക്ക് സാക്ഷിയായി ഞങ്ങൾ അതവിടെ രേഖപ്പെടുത്തി.
ദൈവം നമുക്കുവേണ്ടി ചെയ്ത കാര്യങ്ങൾ നാം ഓർക്കുകയും അതിനെക്കുറിച്ച് മറ്റുള്ളവരോട് പറയുകയും വേണം. "യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണക്കും മഹാദയെക്കും ഒത്തവണ്ണം അവൻ യിസ്രായേൽ ഗൃഹത്തിന്നു കാണിച്ച വലിയ നന്മയെയും കീർത്തിക്കും" (യെശയ്യാവ് 63:7) എന്നു രേഖപ്പെടുത്തിയതിലൂടെ യെശയ്യാവ് ഇതിനു മാതൃക കാണിച്ചു. പിന്നീട്, ചരിത്രത്തിലുടനീളം തന്റെ ജനത്തോടുള്ള ദൈവത്തിന്റെ ദയയും പ്രവാചകൻ വിവരിക്കുന്നു, "അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു" (വാ. 9) എന്നു പോലും പറയുന്നു. എന്നാൽ നിങ്ങൾ അധ്യായം തുടർന്നും വായിക്കുകയാണെങ്കിൽ, യിസ്രായേൽ വീണ്ടും ഒരു പ്രശ്നത്തിലായെന്ന് നിങ്ങൾക്കു മനസ്സിലാകും, കൂടാതെ ദൈവത്തിന്റെ ഇടപെടലിനായി പ്രവാചകൻ ആഗ്രഹിക്കുന്നതായും കണാം.
ദൈവത്തിന്റെ മുൻകാല ദയകൾ ഓർക്കുന്നത് ബുദ്ധിമുട്ടുള്ള സമയങ്ങളിൽ സഹായകരമാണ്. വെല്ലുവിളി നിറഞ്ഞ ഋതുക്കൾ വരികയും പോകുകയും ചെയ്യുന്നു, എന്നാൽ അവന്റെ വിശ്വസ്ത സ്വഭാവം ഒരിക്കലും മാറുകയില്ല. അവൻ ചെയ്ത എല്ലാ കാര്യങ്ങളുടെയും സ്മരണയിൽ നന്ദിയുള്ള ഹൃദയത്തോടെ നാം അവങ്കലേക്ക് തിരിയുമ്പോൾ, അവൻ എപ്പോഴും നമ്മുടെ സ്തുതിക്ക് യോഗ്യനാണെന്ന് നാം വീണ്ടും കണ്ടെത്തുന്നു.
ശൗലേ, സഹോദരാ
"കർത്താവേ, എന്നെ അവിടെയൊഴിച്ച് മറ്റെവിടെ വേണമെങ്കിലും അയയ്ക്കൂ." വിദേശ കൈമാറ്റ വിദ്യാർഥിയായുള്ള ഒരു വർഷം ആരംഭിക്കുന്നതിനുമുമ്പ് കൗമാരക്കാരനായ എന്റെ പ്രാർഥന അതായിരുന്നു. ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ ഞാൻ അവിടെ പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ആ രാജ്യത്തിന്റെ ഭാഷ സംസാരിച്ചില്ല, എന്റെ മനസ്സ് അവിടുത്തെ ആചാരങ്ങൾക്കും ജനങ്ങൾക്കും എതിരായ മുൻവിധികളാൽ നിറഞ്ഞിരുന്നു. അതുകൊണ്ട് എന്നെ മറ്റൊരിടത്തേക്ക് അയയ്ക്കാൻ ഞാൻ ദൈവത്തോട് ആവശ്യപ്പെട്ടു.
എന്നാൽ ദൈവം തന്റെ അനന്തമായ ജ്ഞാനത്താൽ ഞാൻ പോകരുതെന്ന് ആഗ്രഹിച്ചിടത്തേക്ക് കൃത്യമായി എന്നെ അയച്ചു. അവിടുന്നു അന്ന് അതു ചെയ്തതിൽ എനിക്കിന്നു വളരെ സന്തോഷമുണ്ട്! നാൽപതു വർഷങ്ങൾക്കു ശേഷവും ആ നാട്ടിൽ എനിക്ക് പ്രിയപ്പെട്ട സുഹൃത്തുക്കളുണ്ട്. ഞാൻ വിവാഹിതനായപ്പോൾ, എന്റെ ''ബെസ്റ്റ്മാൻ" സ്റ്റെഫാൻ അവിടെ നിന്നാണ് വന്നത്. അവൻ വിവാഹിതനായപ്പോൾ പ്രത്യുപകാരം ചെയ്യാൻ ഞാൻ അങ്ങോട്ട് പറന്നു. ഞങ്ങൾ ഉടൻ മറ്റൊരു സന്ദർശനം കൂടി പ്ലാൻ ചെയ്യുന്നു.
ദൈവം ഹൃദയങ്ങളെ മാറ്റുമ്പോൾ മനോഹരമായ കാര്യങ്ങൾ സംഭവിക്കുന്നു! അത്തരം ഒരു പരിവർത്തനം വെറും രണ്ട് വാക്കുകളിൽ ചിത്രീകരിച്ചിരിക്കുന്നു: ''ശൗലേ, സഹോദരാ" (അപ്പൊ. പ്രവൃത്തി. 9:17).
ശൗലിന്റെ പരിവർത്തനത്തിനു ശേഷം അവന്റെ കാഴ്ച്ചയെ സൗഖ്യമാക്കുവാൻ ദൈവം വിളിച്ച അനന്യാസ് എന്ന വിശ്വാസിയിൽ നിന്നുള്ളതായിരുന്നു ആ വാക്കുകൾ (വാ.10-12). ശൗലിന്റെ അക്രമാസക്തമായ ഭൂതകാലം നിമിത്തം അനന്യാസ് ആദ്യം എതിർത്തു പ്രാർഥിച്ചു: "ആ മനുഷ്യൻ... നിന്റെ വിശുദ്ധന്മാർക്ക് എത്ര ദോഷം ചെയ്തു എന്ന് പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു" (വാ.13).
എന്നാൽ അനന്യാസ് അനുസരണയോടെ പോയി. അവന്റെ ഹൃദയം മാറിയതിനാൽ, അനന്യാസ് വിശ്വാസത്തിൽ ഒരു പുതിയ സഹോദരനെ സമ്പാദിച്ചു. ശൗൽ പൗലൊസ് എന്നറിയപ്പെട്ടു, യേശുവിന്റെ സുവാർത്ത ശക്തിയോടെ പരന്നു. യഥാർത്ഥ മാറ്റം അവനിലൂടെ എല്ലായ്പോഴും സാധ്യമാണ്!
ദൈവത്തിനു മുമ്പാകെ മിണ്ടാതിരിക്കുക
ജീവനുള്ള ഒരു വ്യക്തിയുടെ ആദ്യ ഫോട്ടോ എടുത്തത് 1838-ൽ ലൂയിസ് ഡാഗുറെയാണ്. പാരീസിലെ വിശാലമായ ഒരു തെരുവിൽ ഉച്ചതിരിഞ്ഞനേരം നിൽക്കുന്ന ഒരു വ്യക്തിയെ ആ ഫോട്ടോ ചിത്രീകരിക്കുന്നു. എന്നാൽ അതിൽ പ്രകടമായ ഒരു വിരോധാഭാസമുണ്ട്; ആ സമയത്ത് തെരുവുകളും നടപ്പാതകളും വണ്ടികളുടെയും കാൽനടയാത്രക്കാരുടെയും ഗതാഗതത്താൽ തിരക്കേറിയതായിരിക്കണം, എന്നിട്ടും ആരെയും കാണാനില്ല. ആ വീഥി ശൂന്യമായി കാണപ്പെട്ടു.
ആ മനുഷ്യൻ ഒറ്റയ്ക്കല്ലായിരുന്നു. ഫോട്ടോ എടുത്ത തിരക്കേറിയ ജനപ്രിയ പ്രദേശമായ ബുളവാർഡ് ഡ്യു ടെംപിളിൽ മനുഷ്യരും കുതിരകളും ഉണ്ടായിരുന്നു. ചിത്രത്തിൽ അവ വന്നില്ല എന്ന് മാത്രം. ആ ഫോട്ടോ പ്രോസസ്സ് ചെയ്യുന്നതിനുള്ള എക്സ്പോഷർ സമയം (Daguerreotype എന്നറിയപ്പെടുന്നത്) ഒരു ചിത്രം പകർത്താൻ ഏഴ് മിനിറ്റ് എടുത്തു. ഫോട്ടോ എടുക്കുമ്പോൾ’ വസ്തു ചലനരഹിതമായിരിക്കണം. വഴിയരികിലെ ആ മനുഷ്യൻ മാത്രമാണ് ഫോട്ടോയിൽ വന്നത്, കാരണം അയാൾ മാത്രമാണ് നിശ്ചലമായി നിന്നത് - അയാൾ തന്റെ ബൂട്ടുകൾ പോളിഷ് ചെയ്പ്പിക്കുകയായിരുന്നു.
ചിലപ്പോൾ നിശ്ചലത ചലനത്തിലും പരിശ്രമത്തിനും കഴിയാത്തത് നിറവേറ്റുന്നു. സങ്കീർത്തനം 46:10 ൽ ദൈവം തന്റെ ജനത്തോട് പറയുന്നു, "മിണ്ടാതിരുന്നു, ഞാൻ ദൈവമെന്ന് അറിഞ്ഞുകൊൾവിൻ." "ജാതികൾ ക്രുദ്ധിച്ചാലും" (വാ.6) "ഭൂമി മാറിപ്പോയാലും" (വാ.2), മിണ്ടാതിരുന്ന് അവനിൽ ആശ്രയിക്കുന്നവർ, "കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു"(വാ.1) എന്നു മനസ്സിലാക്കും.
"മിണ്ടാതിരുന്നു" എന്ന് അവതരിപ്പിച്ചിരിക്കുന്ന എബ്രായ ക്രിയയെ "പരിശ്രമം നിർത്തുക" എന്നും പരിഭാഷപ്പെടുത്താവുന്നതാണ്. നമ്മുടെ പരിമിതമായ പരിശ്രമങ്ങളെ ആശ്രയിക്കുന്നതിനു പകരം നാം ദൈവത്തിൽ വിശ്രമിക്കുമ്പോൾ അവൻ നമ്മുടെ അനിഷേധ്യമായ "സങ്കേതവും ബലവും" ആണെന്ന് നാം കണ്ടെത്തുന്നു (വാ.1).
ദൈവത്തെ അനുസരിക്കുക
ഞാൻ വീട്ടിൽ നിന്ന് കോളേജിലേക്കും പിന്നീട് വീട്ടിലേക്കും ഡ്രൈവ് ചെയ്തിരുന്ന കാലത്ത്, വളരെ ദൂരം വളവും തിരിവും ഇല്ലാത്ത ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി വളരെ വിരസമായിരുന്നു. ആ വഴിയിൽ ഒന്നിലധികം തവണ, അനുവദിച്ചത്തിലും വേഗത്തിൽ വാഹനം ഓടിച്ചതായി ഞാൻ മനസ്സിലാക്കി. ആദ്യം, ഹൈവേ പട്രോൾ പോലീസ് എനിക്ക് മുന്നറിയിപ്പ് നൽകി. പിന്നെ ടിക്കറ്റ് കിട്ടി. പിന്നീട് അതേ സ്ഥലത്തു വച്ച് രണ്ടാമത് അവർ എന്നെ പിടിച്ചു.
അനുസരിക്കുവാൻ വിസമ്മതിക്കുന്നത് ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ഇതിന്റെ ദാരുണമായ ഒരു ദൃഷ്ടാന്തം നല്ലവനും വിശ്വസ്തനുമായ രാജാവായിരുന്ന യോശീയാവിന്റെ ജീവിതത്തിൽ നിന്നുള്ളതാണ്. ബാബേലിനെതിരായ യുദ്ധത്തിൽ അശ്ശൂരിനെ സഹായിക്കുവാൻ മിസ്രയീംരാജാവായ നെഖോ യെഹൂദപ്രദേശത്തുകൂടി നീങ്ങിയപ്പോൾ, യോശീയാവ് അവനെ നേരിടാൻ പുറപ്പെട്ടു. നെഖോ യോശീയാവിന്റെ അടുക്കൽ ദൂതൻമാരെ അയച്ചു, "ദൈവം എന്നോടു ബദ്ധപ്പെടുവാൻ കല്പിച്ചിരിക്കുന്നു: എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന് അവനോട് ഇടപെടരുത്" (2 ദിനവൃ. 35:21) എന്ന് പറയിച്ചു. ദൈവം ശരിക്കും നെഖോയെ അയച്ചു, എന്നാൽ "നെഖോ പറഞ്ഞ വചനങ്ങളെ കേൾക്കാതെ യോശീയാവ് മെഗിദ്ദോ താഴ്വരയിൽ യുദ്ധം ചെയ്വാൻ ചെന്നു" (വാ.22). ആ യുദ്ധത്തിൽ യോശീയാവ് മാരകമായി പരിക്കേറ്റു മരിക്കുവാനിടയായി. "എല്ലാ യെഹൂദായും യെരുശലേമും അവനെകുറിച്ച് വിലപിച്ചു" (വാ.24).
ദൈവത്തെ സ്നേഹിച്ചിരുന്ന യോശീയാവ്, ദൈവത്തെ കേൾക്കാനോ മറ്റുള്ളവരിലൂടെ അവിടുത്തെ ജ്ഞാനം കേൾക്കാനോ സമയമെടുക്കാതെ സ്വന്തം വഴിയിൽ ഉറച്ചുനിന്നത് ഒരിക്കലും നല്ല രീതിയിൽ അവസാനിക്കില്ലെന്ന് ഒടുവിൽ കണ്ടെത്തി. എല്ലായ്പോഴും നമ്മെത്തന്നെ പരിശോധിക്കാനും അവിടുത്തെ ജ്ഞാനം ഹൃദയത്തിൽ എടുക്കാനും ആവശ്യമായ താഴ്മ ദൈവം നമുക്ക് നൽകട്ടെ.
ഒരു ബബൂൺ, ഒരു കഴുത, പിന്നെ ഞാനും
ട്രെയിനുകൾ ശരിയായ പാതയിൽ എത്തിക്കാൻ ജാക്കിന്റെ കഴിവ് മികവുറ്റതായിരിന്നു. ഒമ്പത് വർഷത്തെ ജോലിയിൽ, ദക്ഷിണാഫ്രിക്കയിലെ യുറ്റെൻഹേഗിന് സമീപം ലോക്കോമോട്ടീവുകൾ എത്തുമ്പോൾ ഒരിക്കൽപോലും ട്രാക്ക് സ്വിച്ച് മാറ്റുന്നതിൽ താൻ പരാജയപ്പെട്ടിട്ടില്ല. അതു പോകേണ്ട ദിശയ്ക്കുള്ള വിസിൽ ശബ്ദം കേട്ട ഉടനെ, അവൻ അവരുടെ ട്രാക്ക് കൃത്യമായി മാറ്റുന്നു.
ജാക്ക് ഒരു വാലില്ലാക്കുരങ്ങ് ആയിരുന്നു. ജാക്കും ഒരു ചാക്മ ബാബൂൺ ആയിരുന്നു. റെയിൽവേ സിഗ്നൽമാൻ ജെയിംസ് വൈഡ് ഓടുന്ന റെയിൽവെ കാറുകൾക്കിടയിലെ വീഴ്ചയിൽ രണ്ട് കാലുകളും നഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തെ ജാക്ക് പരിപാലിച്ചു. വീടിനു ചുറ്റുമുള്ള ജോലികളിൽ സഹായിക്കാൻ ജാക്കിനെ അദ്ദേഹം പരിശീലിപ്പിച്ചു, താമസിയാതെ ജോലിസ്ഥലത്തും ജാക്ക് അദ്ദേഹത്തെ സഹായിച്ചു, വന്നുചേരുന്ന ട്രെയിനുകളുടെ സിഗ്നലുകളോട് അവയുടെ ട്രാക്കുകൾക്ക് അനുയോജ്യമായ ലിവർ വലിച്ചുകൊണ്ട് എങ്ങനെ പ്രവർത്തിപ്പിക്കണമെന്നു ജാക്ക് മനസ്സിലാക്കി.
ആശ്ചര്യപ്പെടുത്തുന്ന രീതിയിൽ ഒരാളെ സഹായിച്ച മറ്റൊരു മൃഗത്തെക്കുറിച്ച് ബൈബിൾ പറയുന്നു - ബിലെയാമിന്റെ കഴുത. ഇസ്രായേലിനെ ദ്രോഹിക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു രാജാവിനെ സേവിക്കുന്ന ഒരു പുറജാതീയ പ്രവാചകനായിരുന്നു ബിലെയാം. ആ രാജാവിനെ സഹായിക്കാൻ ബിലെയാം തന്റെ കഴുതപ്പുറത്ത് കയറുമ്പോൾ, "യഹോവ കഴുതയുടെ വായ് തുറന്നു" അത് ബിലെയാമിനോട് സംസാരിച്ചു (സംഖ്യ 22:28). ദൈവം "ബിലെയാമിന്റെ കണ്ണുകൾ" (വാക്യം 31) തുറന്നു. ആസന്നമായ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും, തന്റെ ജനത്തെ ദ്രോഹിക്കുന്നതിൽ നിന്ന് അവനെ തടയുകയും ചെയ്തതിന്റെ ഭാഗമായിരുന്നു കഴുതയുടെ സംസാരം.
ഒരു റെയിൽവേ ബബൂൺ? ഒരു സംസാരിക്കുന്ന കഴുത? ദൈവത്തിന് ഈ അത്ഭുതകരമായ മൃഗങ്ങളെ നല്ല ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുമെങ്കിൽ, അവൻ നിങ്ങളെയും എന്നെയും ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നത് ഒരിക്കലും മണ്ടത്തരമല്ല. നാം അവനിലേക്ക് നോക്കുകയും അവന്റെ ശക്തി തേടുകയും ചെയ്യുന്നതിലൂടെ, നാം വിചാരിക്കുന്നതിലും കൂടുതൽ നേട്ടം കൊയ്യാൻ കഴിയും.
അനുഗ്രഹങ്ങളുടെ സൂക്ഷിപ്പുകാരൻ
919 ജനുവരി 15-ന് അമേരിക്കയിലെ ബോസ്റ്റണിൽ അസംസ്കൃത പഞ്ചസാര സിറപ്പ് വഹിക്കുന്ന ഒരു വലിയ ടാങ്ക് പൊട്ടിത്തെറിച്ചു. 75 ലക്ഷം ലിറ്റർ അസംസ്‌കൃത പഞ്ചസാര സിറപ്പ് പതിനഞ്ച് അടി ഉയരത്തിൽ 30 മൈലിലധികം വേഗതയിൽ റെയിൽകാർകളെയും കെട്ടിടങ്ങളെയും ആളുകളെയും മൃഗങ്ങളെയും തൂത്തുവാരികൊണ്ട് തെരുവിലൂടെ പാഞ്ഞു. അസംസ്‌കൃത പഞ്ചസാര സിറപ്പ് വേണ്ടത്ര നിരുപദ്രവകരമായി തോന്നിയേക്കാം, എന്നാൽ അന്ന് അത് മാരകമായിരുന്നു: 150-തോ അതിലധികമോ പേർക്ക് പരിക്കേറ്റു 21 പേർക്ക് ജീവൻ നഷ്ട്ടപ്പെട്ടു.
ചിലപ്പോൾ അസംസ്കൃത പഞ്ചസാര സിറപ്പ് പോലെയുള്ള നല്ല കാര്യങ്ങൾ പോലും അപ്രതീക്ഷിതമായി നമ്മെ കീഴടക്കിയേക്കാം. ദൈവം വാഗ്‌ദത്തം ചെയ്‌ത ദേശത്ത് ഇസ്രായേല്യർ പ്രവേശിക്കുന്നതിനുമുമ്പ്, തങ്ങൾക്കു ലഭിക്കുന്ന നല്ല വസ്‌തുക്കളുടെ പുകഴ്ച്ച എടുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മോശ ജനങ്ങളോട് മുന്നറിയിപ്പു നൽകി: “നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകൾ പണിതു അവയിൽ പാർക്കുമ്പോഴും നിന്റെ ആടുമാടുകൾ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും, നിന്നെ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കയും ചെയ്ത ദൈവത്തെ മറക്കരുത്.” ഈ സമ്പത്ത് അവരുടെ സ്വന്തം ശക്തിയിലോ കഴിവിലോ ആരോപിക്കരുത് പകരം, മോശ പറഞ്ഞു , "നിന്റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന്നു അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തിതരുന്നതു." (ആവർത്തനം 8:12-14, 17-18).
എല്ലാ നല്ല കാര്യങ്ങളും—ശാരീരിക ആരോഗ്യവും ഉപജീവനത്തിന് ആവശ്യമായ കഴിവുകളും ഉൾപ്പെടെ—നമ്മുടെ സ്‌നേഹവാനായ ദൈവത്തിന്റെ കൈയിൽ നിന്നുള്ള അനുഗ്രഹങ്ങളാണ്. നമ്മൾ കഠിനാധ്വാനം ചെയ്താലും നമ്മെ താങ്ങി നിർത്തുന്നത് അവനാണ്. ഓ, നമ്മുടെ അനുഗ്രഹങ്ങൾ തുറന്ന കൈകളാൽ പിടിക്കുക, നമ്മോടുള്ള അവന്റെ ദയയെപ്രതി നാം ദൈവത്തെ നന്ദിപൂർവ്വം സ്തുതിക്കും!
നഷ്ടപ്പെട്ടു, കണ്ടെത്തി, ആനന്ദിച്ചു
"അവർ എന്നെ 'റിംഗ് മാസ്റ്റർ' എന്ന് വിളിക്കുന്നു. ഈ വർഷം ഇതുവരെ 167 നഷ്ടപ്പെട്ട മോതിരങ്ങൾ ഞാൻ കണ്ടെത്തി."
എന്റെ ഭാര്യ കാരിയുമൊത്ത് കടൽത്തീരത്ത് നടക്കുന്നതിനിടയിൽ, സർഫ് ലൈനിന് തൊട്ടുതാഴെയുള്ള ഒരു പ്രദേശം ലോഹങ്ങൾ കണ്ടെടുക്കുന്ന ഒരു ഉപകരണം ഉപയോഗിച്ച് പരിശോധിക്കുന്ന ഒരു വൃദ്ധനുമായി ഞങ്ങൾ സംഭാഷണം ആരംഭിച്ചു. “ചിലപ്പോൾ മോതിരങ്ങളിൽ പേരുകൾ ഉണ്ടാകും,” അദ്ദേഹം വിശദീകരിച്ചു, “ഞാൻ അവ തിരികെ നൽകുമ്പോൾ അവയുടെ ഉടമകളുടെ മുഖത്തെ സന്തോഷം കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച് ആരെങ്കിലും കളഞ്ഞു പോയത് അന്വേഷിച്ചു വന്നിട്ടുണ്ടോ എന്ന് നോക്കും. വർഷങ്ങളായി നഷ്ടപ്പെട്ട മോതിരങ്ങൾ വരെ ഞാൻ കണ്ടെത്തിയിട്ടുണ്ട്. ലോഹങ്ങൾ കണ്ടെടുക്കുന്നത് എനിക്ക് ഇഷ്ടമാണെന്നും എന്നാൽ അത് തുടർച്ചയായി ചെയ്യാറില്ലെന്നും ഞങ്ങൾ പറഞ്ഞപ്പോൾ, "പോയില്ലെങ്കിൽ താങ്കൾക്ക് അത് അറിയാൻ കഴിയില്ല!" എന്ന് പറഞ്ഞു അദ്ദേഹം യാത്രയായി.
ലൂക്കോസ് 15-ൽ മറ്റൊരു തരത്തിലുള്ള "തിരയലും രക്ഷപെടുത്തലും" നാം കാണുന്നു. ദൈവത്തിൽ നിന്ന് അകന്നിരിക്കുന്ന ആളുകളെ കരുതിയതിന് യേശുവിനെ വിമശിർച്ചിട്ടുണ്ട്(വാ. 1-2). മറുപടിയായി, നഷ്ടപ്പെട്ടതും പിന്നീട് കണ്ടെത്തിയതുമായ കാര്യങ്ങളെക്കുറിച്ച് അവൻ മൂന്ന് കഥകൾ പറഞ്ഞു - ഒരു ആട്, ഒരു നാണയം, ഒരു മകൻ. കാണാതെപോയ ആടിനെ കണ്ടെത്തുന്ന മനുഷ്യൻ “കണ്ടു കിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി: കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിൻ എന്നു അവരോടു പറയും.” (ലൂക്കാ 15:5-6). എല്ലാ കഥകളും ആത്യന്തികമായി പറയുന്നത് നഷ്ടപ്പെട്ട ആളുകളെ കണ്ടെത്തുന്നതും കണ്ടെത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷവുമാണ്.
"കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനാണ്" യേശു വന്നത്(19:10), അവൻ നമ്മെ സ്നേഹത്തോടെ ക്ഷണിക്കുന്നത് അവനെ അനുഗമിക്കാനും ദൈവത്തിലേക്ക് തിരികെ വരാനുമാണ് (മത്തായി 28:19 കാണുക). മറ്റുള്ളവർ തന്നിലേക്ക് മടങ്ങിവരുന്നത് കാണാൻ സന്തോഷത്തോടെ അവൻ കാത്തിരിക്കുന്നു. മടങ്ങി പോയില്ലെങ്കിൽ ആ സന്തോഷം നമുക്ക് അനുഭവിക്കാൻ കഴിയില്ല.
അളവറ്റ ദയ
രണ്ട് സുഹൃത്തുക്കൾ ഒരു ഇലക്ട്രോണിക്സ് സ്റ്റോറിൽ ലാപ്ടോപ്പ് മേടിക്കാനായി നോക്കിക്കൊണ്ടിരിക്കുമ്പോൾ ബാസ്ക്കറ്റ്ബോൾ ഇതിഹാസം ഷക്വീൽ ഒനീലിനെ കണ്ടുമുട്ടി. അടുത്തിടെ ഒനീലിന് തന്റെ സഹോദരിയേയും ഒരു മുൻ സഹതാരത്തേയും നഷ്ടപ്പെട്ടുവെന്ന് അറിയാവുന്നതുകൊണ്ട്, അവർ തങ്ങളുടെ അനുശോചനം രേഖപ്പെടുത്തി. രണ്ടുപേരും തങ്ങളുടെ ഷോപ്പിംഗിലേക്കു മടങ്ങിയെത്തിയപ്പോൾ, ഷാക്ക് അവരെ സമീപിച്ച് അവിടെയുള്ളതിൽവച്ച് ഏറ്റവും നല്ല ലാപ്ടോപ്പ് തിരഞ്ഞെടുക്കാൻ അവരോടു പറഞ്ഞു. പ്രയാസകരമായ ഒരു സമയത്തിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയായി അദ്ദേഹത്തെ അവർ കണ്ടതുകൊണ്ട്, അവരുടെ ദയപൂർവ്വമായ പ്രവൃത്തിയിൽ സന്തുഷ്ടനായി അദ്ദേഹം അവർക്കായി അത് വാങ്ങിനൽകി.
“ദയാലുവായവൻ സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു” (സദൃശവാക്യങ്ങൾ 11:17) എന്നു സഹസ്രാബ്ദങ്ങൾക്ക് മുമ്പ്, ശലോമോൻ എഴുതി. മറ്റുള്ളവരുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടു അവരെ സഹായിക്കാനും ധൈര്യപ്പെടുത്താനും നമ്മളാൽ കഴിയുന്നത് ചെയ്യുമ്പോൾ, നമുക്കു പ്രതിഫലം ലഭിക്കുന്നു. ഇത് ഒരു ലാപ്ടോപ്പോ മറ്റു ഭൗതിക വസ്തുക്കളോ ആയിരിക്കണമെന്നില്ല, പക്ഷേ ഈ ലോകത്തിന് അളക്കാൻ കഴിയാത്തവിധം നമ്മെ അനുഗ്രഹിക്കാനുള്ള മാർഗ്ഗങ്ങൾ ദൈവത്തിന്റെ പക്കലുണ്ട്. അതേ അധ്യായത്തിൽ ഒരു വാക്യം മുമ്പ് ശലോമോൻ വിശദീകരിച്ചതുപോലെ, “ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു” (വാ. 16). പണത്തേക്കാൾ വിലമതിക്കുന്ന, ദൈവത്തിൽ നിന്നുള്ള ദാനങ്ങളുണ്ട്. അവൻ തന്റെ തികഞ്ഞ ജ്ഞാനത്തിലും വഴിയിലും ഉദാരമായി അവയെ അളക്കുന്നു.
ദയയും ഉദാരതയും ദൈവത്തിന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. അവ നമ്മുടെ സ്വന്തം ഹൃദയങ്ങളിലും ജീവിതത്തിലും പ്രകടിപ്പിച്ചു കാണാൻ അവൻ താല്പര്യപ്പെടുന്നു. ശലോമോൻ ഈ കാര്യം നന്നായി സംഗ്രഹിച്ചു: “തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും” (വാ. 25).
അതിരുകൾക്കപ്പുറമുള്ള സ്നേഹം
“ദൈവം ഞങ്ങൾക്കു വളരെ നല്ലവനാണ്! ഞങ്ങളുടെ വാർഷികത്തിനായി അവനോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” ടെറിയുടെ ശബ്ദം സ്ഥിരതയാർന്നതായിരുന്നു, അവളുടെ കണ്ണുകളിലെ കണ്ണുനീർ അവളുടെ ആത്മാർത്ഥത എടുത്തുകാണിച്ചു. ഞങ്ങളുടെ ചെറിയ കൂട്ടത്തിലുള്ളവർ വളരെയേറെ വികാരഭരിതരായി. ടെറിയേയും അവളുടെ ഭർത്താവിനേയും സംബന്ധിച്ചു കഴിഞ്ഞ കുറച്ചു വർഷങ്ങൾ എങ്ങനെയിരുന്നുവെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. വിശ്വാസിയാണെങ്കിലും, പെട്ടെന്നുണ്ടായ കടുത്ത മാനസികരോഗത്താൽ ക്ലേശമനുഭവിച്ച റോബർട്ട് തങ്ങളുടെ നാലു വയസ്സുള്ള മകളുടെ ജീവൻ അപഹരിച്ചു. പതിറ്റാണ്ടുകളോളം റോബർട്ട് മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചിലവഴിക്കേണ്ടി വരുമായിരുന്നു. പക്ഷേ, ടെറി അവനെ സന്ദർശിച്ചു. അവളുടെ ഉള്ളിലെ മുറിവുണക്കിക്കൊണ്ടു ദൈവം മനോഹരമായി പ്രവർത്തിച്ചതിന്റെ ഫലമായി അവൾക്കു അവനോടു ക്ഷമിക്കാൻ സാധിച്ചു. അഗാധമായ ഹൃദയവേദന ഉണ്ടായിരുന്നിട്ടും, അവരുടെ പരസ്പര സ്നേഹം വർദ്ധിച്ചുവന്നു.
അത്തരത്തിലുള്ള ക്ഷമയും സ്നേഹവും ഒരു ഉറവിടത്തിൽ നിന്നു മാത്രമേ ഉത്ഭവിക്കൂ. ദാവീദു ദൈവത്തെക്കുറിച്ച് ഇപ്രകാരം എഴുതുന്നു, “അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല… ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു” (സങ്കീർത്തനങ്ങൾ 103:10, 12).
ദൈവം നമ്മോടു കാണിക്കുന്ന കാരുണ്യം അവന്റെ വ്യാപ്തിയുള്ള സ്നേഹത്തിലൂടെയാണു വരുന്നത്: “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതു പോലെ അവന്റെ ദയ അവന്റെ ദയ” (വാ. 11) നമ്മോടു വലുതായിരിക്കുന്നു. അവനെ “കൈക്കൊള്ളുന്ന” (യോഹന്നാൻ 1:12) ഏവരെയും തന്റെ ഭവനത്തിലേക്കു കൊണ്ടുവരുന്നതിനായി നമ്മുടെ പാപങ്ങൾ നീക്കാൻ ക്രൂശിന്റെയും കല്ലറയുടെയും ആഴങ്ങളിലേക്കു പോകാൻ അത്രമാത്രം അഗാധമായ സ്നേഹം അവനെ നിർബന്ധിച്ചു.
ടെറി പറഞ്ഞതു ശരിയായിരുന്നു. “ദൈവം നമ്മോടു വളരെ നല്ലവനാണ്!” അവന്റെ സ്നേഹവും ക്ഷമയും അചിന്തനീയമായ അതിരുകൾക്കപ്പുറത്തേക്ക് എത്തുകയും ഒരിക്കലും അവസാനിക്കാത്ത ജീവിതം നമുക്കു പ്രദാനം ചെയ്യുകയും ചെയ്യുന്നു.